March 2, 2026

Idukkionline

idukkivarthaonline

ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; ഭാര്യയും സഹായിയും അറസ്റ്റിൽ

ചേർപ്പ്: പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ബംഗാൾ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക് (40) ആണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ബംഗാൾ സ്വദേശിതന്നെയായ ഭാര്യ രേഷ്മാബീവി (30), അയൽവാസി ബീരു (33) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 13 മുതൽ മൻസൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെൽ മുഖേന മൻസൂറിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഡിസംബർ 13-നുശേഷം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭർത്താവിനെ കൊന്നത് താൻതന്നെയാണെന്ന് മറ്റൊരു അതിഥി തൊഴിലാളി മുഖേന പോലീസിൽ അറിയിക്കുകയായിരുന്നു. വഴക്കിനിടെ മൻസൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പോലീസിനെ അറിയിച്ചത്.
11 വർഷമായി കേരളത്തിൽ സ്വർണപ്പണി നടത്തുന്ന മൻസൂർ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലാണ് താമസം. മുകൾനിലയിൽ മൻസൂറും കുടുംബവും താഴത്തെനിലയിൽ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വർണപ്പണിയിൽ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്. വീടിനു പിന്നിലെ പറമ്പിൽ മൃതദേഹം കുഴിച്ചിടാൻ ബീരു സഹായിച്ചുവെന്നാണ് രേഷ്മാബീവി വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തിയാൽ അവിടെത്തന്നെ മൃതദേഹപരിശോധന നടത്താനുള്ള ഒരുക്കം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.സി. ബിജുകുമാർ, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!