March 2, 2026

Idukkionline

idukkivarthaonline

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍;പിടിയിലാകുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി

തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ നവംബർ 10-നായിരുന്നു കേബിൾ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസിൽ ജോലിയിൽ ചേരാൻ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. വിവാഹത്തോടെ ജോലിയ്ക്ക് പോകാൻ കഴിയില്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാൾ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജൻ എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാൾക്ക് നൽകി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭർത്താവിനെയും കൂട്ടി സ്കൂട്ടറിൽ കുമളി, തേക്കടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. തിരികെ പോകും വഴി കാഴ്ചകൾ കാണുന്നതിനായി ഇരുവരും സ്കൂട്ടർ റോഡരികിൽ നിർത്തി അല്പദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.
മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിർത്തി ഇറങ്ങിയ സംഘം ഗൗതമിനെ മർദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങൾ എത്തിയതോടെ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി. കമ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാർ (20) ആൽബർട്ട് (28) ജയ സന്ധ്യ (18) എന്നിവർ പിടിയിലായി. ഇവർ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വർണ്ണം പോലീസ് കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്ലിക്കു വേണ്ടി പോലീസ് തിരിച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!