October 15, 2026

ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും , ബി ജെ.പി ക്കും വിജയം

ഇടുക്കിയിൽ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു. ഡി. എഫിനും, ബി. ജെ. പിയ്ക്കും വിജയം. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡ് യു. ഡി. എഫ് നിലനിർത്തി. കോൺഗ്രസ്സിലെ പ്രിൻസ് തോമസ് 429 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വടക്കേ ഇഡലിപ്പാറക്കുടി വാർഡ് എൽ. ഡി. എഫിൽ നിന്നും ബി. ജെ. പി പിടിച്ചെടുത്തു. എൻ. ഡി. എ സ്ഥാനാർത്ഥി ചിന്താമണി കാമരാജ് ഒരു വോട്ടിന്നാണ് ഇവിടെ വിജയിച്ചത്.

പ്രിൻസ് തോമസ്
രാജാക്കാട് കുരിശുംപടി വാർഡിൽ നേരിട്ടുള്ള മൽസരത്തിൽ പ്രിൻസ് തോമസ് 678 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി എൽ. ഡി. എഫിലെ കെ. പി അനിലിന് 249 വോട്ടുകളാണ് ലഭിച്ചത്. 523 പുരുഷന്മാരും, 610 സ്ത്രീകളുമടക്കം 1,133 വോട്ടർമാരാണ് വാർഡിലുള്ളത്. 4 പോസ്റ്റൽ ഉൾപ്പെടെ 927 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

2010 ൽ ഇതേ വാർഡിൽ ഇവർ തമ്മിൽ മത്സരിച്ചപ്പോൾ വിജയം കെ. പി അനിലിനൊപ്പം ആയിരുന്നു. അന്ന് 4 വോട്ടുകൾക്കാണ് പ്രിൻസിനെ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞെ തിരഞ്ഞെടുപ്പിൽ 168 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച യു. ഡി. എഫിലെ റെജി പനച്ചിക്കലിൻ്റെ അകാല നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

13 വാർഡുകളുള്ള രാജാക്കാട് പഞ്ചായത്തിൽ എൽ. ഡി. എഫ് 7 സീറ്റുകളുമായാണ് ഭരണം നടത്തുന്നത്. നിലവിൽ സി.പി.ഐ ക്ക് ഒരു സീറ്റുകളൊന്നുമില്ല.

ചിന്താമണി കാമരാജ്
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒൻപതാം വാർഡ് ആയ ഇഢലിപ്പാറക്കുടിയിൽ സി. പി. എം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ 92 വോട്ടുകൾ പോൾ ചെയ്തതിൽ ചിന്താമണി കാമരാജ് 39 ഉം, എൽ. ഡി. എഫിലെ ശ്രീദേവി രാജമുത്തു 38 ഉം, യു. ഡി. എഫിലെ ചന്ദ്ര 15 ഉം വോട്ടുകൾ വീതം നേടി.

Copyright © All rights reserved. | Newsphere by AF themes.