March 2, 2026

Idukkionline

idukkivarthaonline

വളർത്തു നായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക് : നായയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര
പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.
പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടുറോഡിൽ നായകൾ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു
വന്നിട്ടുണ്ട്. ഇന്ന് രാവിലെ ജോലിക്ക് പോകുകയായിരുന്ന യുവതിയെ നായ്ക്കൾ അക്രമിച്ചു
വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്നും
രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കടി വിടാൻ ഇവ തയ്യാറായില്ല.
ഈ നായക്കൾ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ
തുടർന്ന് പൊലീസ് ഉടമകൾക്ക് താക്കീത് നൽകിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ
അശ്രദ്ധമായി വളർത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തിൽ പ്രദേശവാസിയായ പ്രഭാകരൻ
എന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തിൽ
തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക്
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു
പ്രഭാകരൻ.
ഇതേ നായ്ക്കൾ നേരത്തെ പ്രദേശത്തെ മറ്റൊരു സ്ത്രീയെയും കടിച്ച് പരിക്കേൽപിച്ചിരുന്നുവെന്ന്
നാട്ടുകാർ പരാതിപ്പെടുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നിൽ തടിച്ചു കൂടിയ
നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!