October 14, 2026

വനപാലകര്‍ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി.

കട്ടപ്പന. വെള്ളിലാംകണ്ടത്തുനിന്ന് വനപാലകര്‍ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. മോഷണം പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പിക് അപ്പില്‍ പ്രധാന റോഡില്‍ എത്തിച്ച്‌ ലോറിയില്‍ കയറ്റി ഓഫീസ് പരിസരത്തേയ്ക്ക് എത്തിച്ചത്. ഏലമലക്കാടുകളില്‍ നിന്നു മുറിച്ചുകടത്തി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ച 5 മെട്രിക് ടണ്‍ തടിയാണ് സെക്ഷന്‍ ഫോറസ്റ്റര്‍ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സി.പി.ഐ. മണ്ഡലം സെക്രട്ടറിയും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.ആര്‍. ശശി വാങ്ങി സൂക്ഷിച്ചിരുന്ന തടിയാണിത്. ചോരക്കാലി, തെള്ളി, വെള്ളപ്പൈന്‍ തുടങ്ങിയ വന്‍മരങ്ങള്‍ മുറിച്ച്‌ കഷണങ്ങളാക്കി രണ്ടാഴ്ചയിലധികമായി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത ശേഷം തടികള്‍ക്ക് സത അടിച്ചു. സി.എച്ച്‌.ആറില്‍ നിന്ന് വെട്ടിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മരക്കുറ്റികളും കണ്ടെത്തിയിട്ടുണ്ട്. ഏലമലക്കാടുകളില്‍ നിന്ന് മരം മുറിക്കാന്‍ വിരളമായേ അനുമതി നല്‍കാറുള്ളൂ.

കൂടാതെ ചോരക്കാലി മുറിക്കാനും അനുമതിയില്ല. അതേസമയം തടി വാങ്ങി സൂക്ഷിച്ചതാണെന്ന് വി.ആര്‍. ശശി വനപാലകരെ അറിയിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ഏലയ്ക്ക സ്റ്റോറിലെ ആവശ്യത്തിന് പാസുള്ളവരില്‍ നിന്നാണ് തടി വാങ്ങിയത്. ഇതിന്റെ വിലച്ചീട്ടും കൈവശമുണ്ടെന്നും ശശി പറഞ്ഞു. അതേസമയം സംഭവത്തില്‍ കേസെടുത്തതല്ലാതെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. റേഞ്ച് ഓഫീസര്‍ റോയി വി.രാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.

Copyright © All rights reserved. | Newsphere by AF themes.