മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി താഴാൻ തുടങ്ങിയതോടെ പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളാരംഭിച്ച് തമിഴ്നാട്
പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള തമിഴ്നാടിന്റെ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തതങ്ങൾ വേഗത്തിലാക്കാൻ വള്ളക്കടവ് വഴി ഡാമിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള റോഡ് നന്നാക്കാനുള്ള അനുമതിക്കായി തമിഴ്നാട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമര്പ്പിക്കും.
അണക്കെട്ടിന്റെ ചുവരുകളിൽ നിശ്ചിത അകലത്തിൽ ബോർ ഹോളുകൾ ഉണ്ടാക്കി അതിലേയ്ക്ക് സിമന്റ് ഗ്രൗട്ട് ശക്തിയായി കടത്തി വിടുന്ന പ്രക്രീയയാണ് പ്രഷർ ഗ്രൗട്ടിങ്. അണക്കെട്ടിലെ സുർക്കി മിശ്രിതം ഒലിച്ചു പോകുന്നതിനെ തുടർന്നുണ്ടാകുന്ന ചോർച്ച തടയുന്നതിനാണ് പ്രഷർ ഗ്രൗട്ടിങ് നടത്താന് തമിഴ്നാട് ശ്രമിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള ചോർച്ചകൾ തടയുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ കഴിയുമെന്നും ഇവർ വ്യക്തമാക്കുന്നു.
അണക്കെട്ടിലേയ്ക്കുള്ള നിർമാണ സാമഗ്രഹികൾ എത്തിക്കണമെങ്കിൽ വള്ളക്കടവ് റോഡ് ഗതാഗത യോഗ്യമാക്കണം.
കഴിഞ്ഞ തവണ നടന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ യോഗത്തിൽ കേരളത്തിനോട് റോഡ് നന്നാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് പ്രതിനിധികൾ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്ര വനം പരസ്ഥിതി മന്ത്രാലയമാണ് ഇതിന് അനുമതി നല്കേണ്ടതെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് മേല്നടപടികളുമായി മുമ്പോട്ട് പോയത്.
വെള്ളം കുറയുന്ന ഏപ്രിൽ മെയ് മാസങ്ങളിലായിട്ട് പ്രഷർ ഗ്രൗട്ടിങ് നടത്താനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. ഇതിനായി 10 കോടി രൂപ ചിലവിൽ രണ്ട് ഘട്ടമായിട്ട് നടപടികൾ പൂര്ത്തിയാക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. എന്നാൽ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് വാദിക്കുമ്പോൾ പിന്നെയെന്തിനാണ് പ്രഷർ ഗ്രൗട്ടിങ് നടത്തുന്നതെന്ന ചോദ്യം വിദഗ്ദർ ഉന്നയിക്കുന്നുണ്ട്.
