August 21, 2026

Idukkionline

idukkivarthaonline

ഡ്രോണിന്റെ ചിറകിലേറി മുന്നേറി മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ലോ ഹാർട്ട് എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് ശേഖരണത്തിന് ഡ്രോൺ പരീക്ഷണം

മൂന്നാർ: സാങ്കേതികവിദ്യയുടെ കരുത്തിൽ വീണ്ടും ചരിത്രം കുറിക്കുകയാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങൾ. ഒരുകാലത്ത് റോപ്പ് വേയും റെയിൽവേയും ചരക്കുനീക്കത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ മലനിരകൾ, ഇന്ന് ഡ്രോൺ സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുകയാണ്. തേയിലക്കൊളുന്തുകൾ തലച്ചുമടായി ശേഖരണ കേന്ദ്രങ്ങളിലെത്തിക്കുന്ന തൊഴിലാളികളുടെ അധ്വാനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പരീക്ഷണത്തിന് തുടക്കമായിരിക്കുന്നത് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ലോ ഹാർട്ട് എസ്റ്റേറ്റിലാണ്.
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി തേയിലത്തോട്ടങ്ങളിൽ നിന്ന് വാഹനമെത്തുന്ന കേന്ദ്രങ്ങളിലേക്ക് ഡ്രോണുകൾ ഉപയോഗിച്ച് തേയിലക്കൊളുന്തുകൾ എത്തിക്കുകയാണ്. ഇന്നലെ ആരംഭിച്ച പരീക്ഷണ പറക്കലിലൂടെ തോട്ടമേഖലയിൽ സാങ്കേതികവിദ്യയുടെ പുതിയ അധ്യായത്തിനാണ് തുടക്കമായത്.
മുന്നാറിൽ തേയിലകൃഷി ആരംഭിച്ച കാലഘട്ടത്തിൽ തന്നെ ചരക്കുനീക്കത്തിനായി റെയിൽവേയും റോപ്പ് വേയും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു. അതേ മണ്ണാണ് ഇന്ന് വീണ്ടും നവീന സാങ്കേതികവിദ്യയുടെ പരീക്ഷണവേദിയായി മാറുന്നത്.
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ക്വാഡ് കോപ്റ്റർ ഡ്രോണാണ് നിലവിൽ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഒരേസമയം 10 മുതൽ 15 കിലോഗ്രാം വരെ തേയിലക്കൊളുന്തുകൾ വഹിക്കാൻ ഈ ഡ്രോണിന് കഴിയും. ഭാവിയിൽ 100 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോ ഹാർട്ട് എസ്റ്റേറ്റ്
നിലവിൽ വാഹനസൗകര്യമില്ലാത്ത തോട്ടപ്രദേശങ്ങളിൽ നിന്ന് തൊഴിലാളികൾ തലച്ചുമടായാണ് തേയിലക്കൊളുന്തുകൾ ശേഖരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഈ കഠിനാധ്വാനം ലഘൂകരിക്കുന്നതിനൊപ്പം സമയലാഭവും പ്രവർത്തനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കാനാണ് ഡ്രോൺ സംവിധാനം ലക്ഷ്യമിടുന്നത്.

ഇതിന് മുമ്പ് തേയിലത്തോട്ടങ്ങളിൽ കീടനാശിനി തളിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. കൂടാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആധുനിക ടീ പ്ലക്കിംഗ് മെഷീനുകളും തൊഴിലാളികൾക്ക് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. പാരമ്പര്യവും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ മാറ്റങ്ങൾ മൂന്നാറിലെ തേയില വ്യവസായത്തെ കൂടുതൽ ആധുനികമാക്കുകയാണ്.
ലോ ഹാർട്ട് എസ്റ്റേറ്റിലെ പരീക്ഷണം വിജയകരമാകുകയാണെങ്കിൽ, മൂന്നാറിലെ മറ്റ് എസ്റ്റേറ്റുകളിലേക്കും സമാന സംവിധാനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. തൊഴിലാളികളുടെ അധ്വാനം കുറയ്ക്കുകയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന ഈ സംരംഭം, ഇന്ത്യൻ തേയില വ്യവസായത്തിൽ സാങ്കേതികവിദ്യയുടെ പുതിയ വഴിത്തിരിവായി മാറുമെന്ന പ്രതീക്ഷയിലാണ് തോട്ടമേഖല.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!