കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇടുക്കി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ച് അപകടം. ഗ്യാപ് റോഡ് ലോഹാർട്ട് എസ്റ്റേറ്റിന് സമീപത്താണ് സംഭവം ഉണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്നവർ നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ പടർന്നതിനെ തുടർന്ന് ഓടിക്കൂടിയ ആളുകൾ വാഹനത്തിന്റെ ചില്ല് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്.
തമിഴ്നാട് ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അപകടം സംഭവിച്ചത്. കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും അഞ്ച് മുതിർന്നവരും വാഹനത്തിലുണ്ടായിരുന്നു.
ടയറിന്റെ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെടുത്തിയവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
