സേനാപതി വോളിബോൾ മാമാങ്കത്തിന് നാളെ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
രാജാക്കാട്: മലയോര പ്രദേശത്തിന്റെ കായിക ആവേശമായ സേനാപതി വോളിബോൾ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സേനാപതി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഈ മാസം 9 മുതൽ 15 വരെ നടക്കുന്ന “സേനാപതി വോളി 2K26” ടൂർണമെന്റ് സേനാപതി മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റി ടീമുകൾ പങ്കെടുക്കുന്ന ഈ വോളിബോൾ മാമാങ്കം മലയോര മേഖലയിലെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ്.
ടൂർണമെന്റിന്റെ ഉദ്ഘാടനം മാർച്ച് 9-ന് വൈകിട്ട് ഉടുമ്പൻചോല എം.എൽ.എ എം. എം. മണി നിർവഹിക്കും. വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തെ പ്രമുഖ കോളേജ് ടീമുകൾ തമ്മിലാണ് മത്സരങ്ങൾ നടക്കുന്നത്.
മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, മാള ഹോളി ഗ്രേസ് കോളേജ്, അരുവിത്തറ സെന്റ് ജോർജ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, ചെളന്നൂർ എസ്.എൻ.ജി കോളേജ്, അങ്കമാലി ഡിസ്റ്റ് കോളേജ് തുടങ്ങിയ ടീമുകളാണ് മത്സരത്തിൽ അങ്കത്തിനിറങ്ങുന്നത്.
ടൂർണമെന്റിനായി വിവിധ എവർറോളിംഗ് ട്രോഫികളും ക്യാഷ് അവാർഡുകളും സ്പോൺസർമാർ ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനമായി മലർവാടി സ്പോൺസർ ചെയ്യുന്ന പി.എം. സുബൈർ പുളിക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ബിജു പുള്ളോലിക്കൽ നൽകുന്ന 55,555 രൂപയുടെ ക്യാഷ് അവാർഡും നൽകും. റണ്ണേഴ്സ് അപ്പിന് കെ.കെ. മാത്യു കാക്കാട്ട് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ശാന്തം എസ്റ്റേറ്റ് നൽകുന്ന 44,444 രൂപയുടെ ക്യാഷ് അവാർഡും സമ്മാനമായി ലഭിക്കും. കൂടാതെ വിവിധ സ്പോൺസർമാർ ഏർപ്പെടുത്തിയ നിരവധി എവർറോളിംഗ് ട്രോഫികളും നൽകും.
മത്സരങ്ങൾ കാണാനെത്തുന്ന പ്രേക്ഷകർക്കായി ദിവസവും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സമാപന സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ദേവികുളം എം.എൽ.എ അഡ്വ. എ. രാജ, ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, മുൻ എം.പി അഡ്വ. ജോയ്‌സ് ജോർജ്, മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ തുടങ്ങിയവർ പങ്കെടുക്കും.
മലയോരത്തിന്റെ കായികോത്സവമായി മാറിയ സേനാപതി വോളിബോൾ മാമാങ്കത്തെ ആവേശത്തോടെയാണ് നാട്ടുകാർ വരവേൽക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
