എൽവോറ’ ആർട്സ് ഫെസ്റ്റ് വെള്ളിയാഴ്ച; പരിപാടിയുടെ മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു.
കുമളി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് മാർച്ച് 6-ാം തീയതി വെള്ളിയാഴ്ച ‘എൽവോറ’ എന്ന പേരിൽ കലാസന്ധ്യയും ആർട്സ് ഫെസ്റ്റും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപ്രതിഭകളും സൃഷ്ടിപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കോളേജിന്റെ പ്രതിഷ്ഠ ഉയർത്തുകയും വിദ്യാർത്ഥികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും ‘എൽവോറ’ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.
പരിപാടിയുടെ മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികൾ ബൈക്ക് റാലി സംഘടിപ്പിച്ചു. കുമളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിലാഷ് റാലി ഉദ്ഘാടനം ചെയ്തു. സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം നടന്ന സർവകലാശാല കലോത്സവത്തിൽ കോളേജിലെ നാല് വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതും സ്ഥാപനത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. അവരുടെ നേട്ടങ്ങൾ ‘എൽവോറ’ കലാസന്ധ്യയ്ക്ക് കൂടുതൽ തിളക്കമേകുമെന്ന് സംഘാടകർ അറിയിച്ചു.
അടുത്ത അധ്യയന വർഷം മുതൽ കോളേജിൽ രണ്ട് പുതിയ ബിരുദ കോഴ്സുകൾ ആരംഭിക്കും. ബി.ടി.ടി.എം (Bachelor of Tourism and Travel Management), ബി.സി.എ (Bachelor of Computer Applications) എന്നീ കോഴ്സുകൾക്കാണ് പുതുതായി അനുമതി ലഭിച്ചത്. കുമളിയുടെ വിനോദസഞ്ചാര സാധ്യതകൾ മുൻനിർത്തിയാണ് ബി.ടി.ടി.എം കോഴ്സ് ആരംഭിക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാവീണ്യമുള്ള യുവതീയുവാക്കളെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം.
സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ഐ.ടി മേഖലയിൽ ഉയർന്ന ആവശ്യകത കണക്കിലെടുത്ത് ബി.സി.എ കോഴ്സ് ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് തൊഴിൽമേഖലയിൽ കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഹൈറേഞ്ച് മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ പ്രയത്നഫലമായാണ് സഹ്യജ്യോതി കോളേജ് സ്ഥാപിതമായത്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി കുമളിയുടെ ഹൃദയഭാഗത്ത് പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം അനേകം വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവനയായി നൽകിയിട്ടുണ്ട്.
പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിന് നാട്ടുകാരുടെ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണെന്ന് മാനേജ്മെന്റും അധ്യാപകരും വ്യക്തമാക്കി. ‘എൽവോറ’ കലാസന്ധ്യയ്ക്ക് വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ
