March 2, 2026

Idukkionline

idukkivarthaonline

അഞ്ചുപതിറ്റാണ്ടിന്റെ സൗഹൃദം; മുരിക്കുംതൊട്ടി സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി മഹാസംഗമം ‘ഓർമ്മച്ചെപ്പ്’ സംഘടിപ്പിച്ചു

മുരിക്കുംതൊട്ടി: അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. കൈകൾ കോർത്തുപിടിച്ചും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും അവർ വീണ്ടും ആ വിദ്യാലയ മുറ്റത്തെത്തി. മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി മഹാസംഗമം ‘ഓർമ്മച്ചെപ്പ്’ സ്‌കൂളിനും നാട്ടുകാർക്കും അവിസ്മരണീയമായ അനുഭവമായി മാറി.

1976-ൽ വിദ്യാലയത്തിന്റെ പടികയറിയവർ മുതൽ 2026-ലെ ബാച്ചുകാർ വരെ ഒരേ പന്തലിൽ ഒത്തുചേർന്നത് അപൂർവ്വ കാഴ്ചയായി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മൂന്നാർ ഡി.വൈ.എസ്.പി ചന്ദ്രകുമാർ എസ്. ഉദ്ഘാടനം ചെയ്തു. മികച്ച അക്കാദമിക് നിലവാരത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ വിദ്യാലയമാണ് ഇതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
​വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ആത്മമിത്രങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും പഴയ ക്ലാസ്സ് മുറികളിലെ ഓർമ്മകൾ അയവിറക്കിയും സമയം ചിലവഴിച്ചു. പ്രിയപ്പെട്ട അധ്യാപകരെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പലരും. പാട്ടും ചിരിയും ഫോട്ടോ സെഷനുകളുമായി ആഘോഷം കൊടുമുടി കയറി.
ഓർമ്മകളുടെ ചെപ്പുതുറന്ന ഈ സംഗമം, കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. വരും തലമുറയ്ക്കും മാതൃകയാകുന്ന തരത്തിൽ ഒത്തൊരുമയോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഈ മഹാസംഗമം അണിയിച്ചൊരുക്കിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!