ഇടുക്കി കളക്ടർക്കെതിരെ സിവി വർഗീസ്.’സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് മനസിലാക്കുന്നത് നന്ന് എന്ന് സി വി വർഗീസിന്റെ പ്രസ്താവന.
ഇടുക്കി കളക്ടർക്കെതിരെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വർഗീസ്. സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ഇടുക്കി ജില്ല കളക്ടർ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു സി വി വർഗീസിന്റെ പ്രസ്താവന.
പരുന്തുംപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയാണ് കളക്ടർക്കെതിരെയുള്ള സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പ്രസ്‌താവന. എക്കാലവും തങ്ങൾ ഒരു സർവ്വാധിപതി ആയിരിക്കും എന്ന് ധരിക്കുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം മാപ്പ് കൊടുത്തിട്ടില്ലെന്നാണ് വർഗീസിന്റെ മുന്നറിയിപ്പ്.പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 1600ലധികം ആളുകൾക്ക് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. കയ്യേറ്റത്തിന്റെ പേരിൽ സാധാരണക്കാരായ ആളുകളെ ദ്രോഹിക്കുന്ന നടപടിയെന്ന് ആരോപിച്ചാണ് പീരുമേട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ ജില്ലയിലെ അനധികൃത ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള നടപടികളിലും ജില്ലാ കളക്ടർക്ക് എതിരെ സി വി വർഗീസ് പ്രസ്താവന നടത്തിയിരുന്നു.
