March 2, 2026

Idukkionline

idukkivarthaonline

വണ്ടിപ്പെരിയാറ്റിൽ പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ കന്നിമാർ ചോലയിൽ 26 കാരൻ പിതാവിനെ കൊലപ്പെടുത്തിയത് 1500 രൂപയ്ക്ക് വേണ്ടി. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിഷ്ണു (26)വിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബൈക്കിന്‍റെ സിസി അടക്കാൻ 1500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ വിഷ്ണു മോഹനനോട് ബൈക്കിന്‍റെ സിസി അടക്കാൻ 1500 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തർക്കം കൈയാംകളിയിലേക്കെത്തിയെങ്കിലും ഈ സമയം മോഹനന്‍റെ ഭാര്യ കുമാരി എത്തുകയും ഇരുവരെയും സമാധാനിപ്പിച്ച ശേഷം കുളിക്കാനായി പോവുകയും ചെയ്‌തു.
കുമാരി മടങ്ങിയെത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. വഴക്കിനിടയിൽ മോഹനൻ വീണുപോയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്.
കുമാരി ഉടൻ മകളെയും ഭർത്താവിനെയും വിളിച്ചു വരുത്തി മോഹനനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ നാട്ടുകാർ മോഹനനെ കിടത്തിയിരുന്ന കട്ടിലിനു താഴെ രക്തം തളം കെട്ടിക്കിടക്കുന്നതും ഇത് തുണികൊണ്ട് മൂടിയിരിക്കുന്നതും കണ്ടു.
ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം ഫൊറൻസിക് വിദഗ്ദരെ സ്ഥലത്തെത്തിച്ചു. പോസ്റ്റ് മോർട്ടത്തിൽ തലക്ക് അടിയേറ്റതായി വ്യക്തമായതോടെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
തർക്കത്തിനിടെ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്‍റെ തല നാലുതവണ ഇടിച്ചുവെന്ന് വിഷ്ണു കുറ്റസമ്മതം നടത്തി. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. സുവര്‍ണ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!