തേക്കടിയിലെ ഹോട്ടലിൽ ജീവനക്കാരിയോട് മോശം പെരുമാറ്റം: നടപടിയെടുക്കാതെ അധികൃതർ.
കുമളി: തേക്കടി ബോട്ട്ലാൻറിംഗിലെ നക്ഷത്ര ഹോട്ടലിൽ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഒഴിഞ്ഞുമാറി അധികൃതർ.
ഈ മാസം 12 നും 13 നുമാണ് ഹോട്ടലിലെ ജീവനക്കാരികളോട് ജീവനക്കാരനായ യുവാവ് അപമര്യാദയായി പെരുമാറിയത്.
ഹോട്ടലിൽ വെച്ച് ജീവനക്കാരിയുടെ കൈയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി നിലനിൽക്കേ പിറ്റേ ദിവസം ഇതേ ജീവനക്കാരൻ വനിതാ ജീവനക്കാരികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ രാത്രി അതിക്രമിച്ചു കയറിയും മോശമായി പെരുമാറിയതായാണ് പരാതി.
ഇത് സംബന്ധിച്ച് ആദ്യം അപമാനിക്കപ്പെട്ട ജീവനക്കാരി ഉൾപ്പടെ 7 വനിതാ ജീവനക്കാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമം നടന്നതെന്ന് പറയപ്പെടുന്നു.പരാതിക്കാരായ ജീവനക്കാരികൾ പരാതി പിൻവലിക്കാതെ ഉറച്ചു നിന്നതോടെ ഇവരെ പലതരത്തിൽ സ്വാധീനിച്ച് പ്രശ്നം തീർക്കാൻ ശ്രമം തുടർന്നു.സംഭവം പുറത്തായതോടെ ഹോട്ടലിലെ പരാതി പരിഹാര സെൽ കാര്യങ്ങൾ അന്വേഷിച്ചെങ്കിലും വനിതാ ജീവനക്കാരുടെ പരാതി പോലീസിന് കൈമാറാതെ ദിവസങ്ങളോളം വൈകിപ്പിച്ചു.
ഒടുവിൽ വ്യാഴാഴ്ച പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടത്താതെ പരാതിക്കാരെ സ്വാധീനിച്ച് ഒത്തു തീർപ്പാക്കാനുള്ള നീക്കമാണ് തുടരുന്നതെന്നാണ് വിവരം. ഇതിനു മുമ്പും ഹോട്ടലിൽ ട്രയിനികളായി എത്തുന്നവരോട് മോശമായ പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതർ ഇടപെട്ട് ഒതുക്കി തീർക്കുകയാണ് പതിവെന്ന് ജീവനക്കാരിൽ ചിലർ പറയുന്നു.
………..
