March 2, 2026

Idukkionline

idukkivarthaonline

സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ തൊഴിലാളികൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കേരളം സ്തംഭിക്കുന്ന പ്രക്ഷോഭത്തിന് തീരുമാനിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ.

കുമളി: കടുവ, ആന ഉൾപ്പടെ ജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നതിൽ ഏറെയും ഉപജീവനത്തിന് വഴിതേടി തോട്ടങ്ങളിലും മറ്റു മേഖലകളിലും പണിയെടുക്കുന്ന തൊഴിലാളികളാണ്.
വന്യ ജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാൻ ഒരു പദ്ധതിയുമില്ലാത്ത ഒരു സർക്കാരാണ് കേരളത്തിലുള്ളത്.ഇതിനെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് കോൺഗ്രസ്സ്, യു.ഡി.എഫ് എന്നിവയ്ക്കൊപ്പം ഐ.എൻ.ടി.യു.സി വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.
വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ജീവന് വിലയിടുന്ന സർക്കാർ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കുന്നതാണ് കേരള ജനത കാണുന്നത്.
കേരളത്തിലെ ഐ.എൻ.ടി.യു.സിയെ കേഡർ സംഘടനയാക്കി മാറ്റും.ഇതിനായി മുഴുവൻ നിയോജക മണ്ഡലങ്ങളിൽ നിന്നുമായി 1.30 ലക്ഷം കേഡറുകളെ കണ്ടെത്തി കർമ്മ സേനരൂപീകരിക്കും. ഇതിനായാണ് രണ്ടു ദിവസം കുമളിയിൽ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ക്യാമ്പ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കേന്ദ്ര സർക്കാർ തൊഴിലാളിയെന്ന വാക്ക് ഉച്ചരിക്കാതെ ബജറ്റ് അവതരിപ്പിച്ചപ്പോൾ, മുഴുവൻ ക്ഷേമനിധിയും കുടിശ്ശിഖയാക്കി തൊഴിലാളി വിരുദ്ധത വ്യക്തമാക്കുകയാണ് കേരളം ചെയ്തത്.
വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ കോവിഡിൻ്റെ മറവിൽ ‘വർക്ക് ഫ്രം ഹോം’ നടപ്പാക്കിയത് ഇപ്പോഴും തുടർന്ന് യുവജനതയെ പരമാവധി ചൂഷണം ചെയ്ത് കോടികൾ ലാഭമുണ്ടാക്കുകയാണെന്നും ഇത്തരം ചൂഷണങ്ങൾക്കെതിരെഐ.എൻ.ടി.യു.സി ശക്തമായി രംഗത്ത് വരുമെന്നും ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ടിനൊപ്പം നേതാക്കളായ അഡ്വ.സിറിയക്ക് തോമസ്, പി.ആർ.അയ്യപ്പൻ, രാജാ മാട്ടുക്കാരൻ, തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
………..

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!