വ്യാജ മുദ്രപത്ര വിൽപ്പനയും കള്ളനോട്ട് വിതരണവും നടത്തിയ ഇടുക്കി സ്വദേശികളായ രണ്ട് പേർ തമിഴ്നാട് പോലീസിന്റെ പിടിയിൽ.
തമിഴ്നാട് കേന്ദ്രീകരിച്ച് വ്യാജ മുദ്ര പത്രം നിർമ്മിച്ച് കേരളത്തിൽ വിൽപ്പന നടത്തി വന്ന രണ്ടംഗ സംഘത്തെ തമിഴ്നാട് പോലീസ് പിടികൂടിയത്. ഇടുക്കി മുണ്ടിയെരുമ സ്വദേശി പാറത്തോട്പറമ്പിൽ മുഹമ്മദ് ഷിയാദ്, നെടുങ്കണ്ടം കോമ്പയാർ സ്വദേശി ചിരട്ടവേലിൽ ബിബിൻ തോമസ് എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ മുദ്ര പത്രത്തിന്റെ ക്ഷാമം മുതലെടുത്ത് വൻ തോതിൽ വ്യാജ മുദ്ര പത്രം ഉണ്ടാക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.
തമിഴ്നാട്ടിലെ കമ്പത്ത് വാടക വീട്ടിൽ താമസിച്ചാണ് ഇരുവരും വ്യാജ മുദ്രപത്രവും കള്ളനോട്ടുകളും നിർമ്മിച്ചിരുന്നത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സമീപവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച്ച ഇവരെ പിന്തുടർന്ന തമിഴ്നാട് പൊലീസ് കമ്പംമെട്ടിന് സമീപത്ത് വച്ച് ജീപ്പ് തടഞ്ഞ് പരിശോധന നടത്തുകയും വ്യാജ മുദ്ര പത്രം കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് ഇവരുടെ കമ്പത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ അയ്യായിരം രൂപയുടെയും ആയിരം രൂപയുടെയും നൂറു രൂപയുടെയും മുദ്ര പത്രങ്ങളും അഞ്ഞുറു രൂപയുടെ ഒരു വശം മാത്രം പ്രിന്റ് ചെയ്ത നോട്ടുകളും കണ്ടെത്തി. സ്കാനർ, സെറാക്സ് മിഷ്യൻ എന്നിവയും ഇവരുടെ വീട്ടിലുണ്ടായിരുന്നു.
കമ്പം ഇൻസ്പക്ടർ ശരവണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
