April 19, 2026

Idukkionline

idukkivarthaonline

ചക്കുപള്ളം വലിയപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി. വീടിന് വെളിയിലിറങ്ങാൻ ഭയന്ന് കഴിയുകയാണ് പ്രദേശവാസികൾ .

കേരള തമിഴ്നാട് അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ  കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം പതിവാണ്. എന്നാൽ ചക്കുപള്ളം വലിയപാറ മേഖലയിൽ കരടികൾ വീടുകളിൽ കയറാൻ തുടങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം കരിമ്പിൻതറ ജോസുകുട്ടി,
കിഴക്കേമുറി കുഞ്ഞുമോൻ എന്നിവരുടെ വീടിൻറെ സിറ്റൗട്ടിൽ ആണ് കരടി കയറിയത്. നാട്ടുകാർ വിവരം അറിയിച്ചെങ്കിലും വനംവകുപ്പ് അധികൃതർ ഈ മേഖലയിൽ എത്തി അന്വേഷണം നടത്താൻ പോലും തയ്യാറായില്ല എന്ന് ആക്ഷേപമുണ്ട്. പ്രദേശവാസികളുടെ ഭീതി അകറ്റാൻ വനംവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ആഴ്ചകൾക്ക് മുമ്പാണ് ഈ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി കൃഷിയിടങ്ങളിൽ നാശംവിതച്ചത്. കൂടാതെ പുലിയുടെ സാന്നിധ്യവും ജനങ്ങളിൽ ആശങ്ക  പരത്തിയിരുന്നു. കാട്ടുപന്നിയും മുള്ളൻ പന്നിയും അടക്കമുള്ള വന്യജീവികൾ കൃഷിയിടങ്ങളിൽ കയറി നാശനഷ്ടം വിതക്കുന്നത് പതിവായിരിക്കുകയാണ്. ജനവാസ മേഖലയിൽ കരടി എത്തിയതോടെ ഇപ്പോൾ  കുട്ടികൾ ഉൾപ്പെടെ വീടിന് വെളിയിലിറങ്ങാൻ ഭയക്കുകയാണ്. അടിയന്തരമായി വനാതിർത്തി മേഖലയിൽ  ട്രെഞ്ച് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പികെ രാമചന്ദ്രൻ , വൈസ് പ്രസിഡന്റ് അന്നക്കുട്ടി വർഗ്ഗീസ് മറ്റ് പഞ്ചായത്ത് പ്രതിനിധികൾ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും എന്നും അറിയിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!