ഓഫ്സീസണിലെ വിലക്കയറ്റം കാത്ത് ഏലം കർഷകർ
ഇന്ത്യയിലും ഗ്വാട്ടിമലയിലും ഇക്കുറി ഏലം ഉത്പാദനം കുറഞ്ഞതിനാൽ ഉത്പന്ന വില ഉയരാൻ സാധ്യത. ആഗോള തലത്തിൽ ഏലത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത് റംസാൻ വേളയിലാണ്. അറബ് രാജ്യങ്ങളാണ് ഈ കാലയളവിൽ കൂടുതൽ ഏലക്ക ശേഖരിക്കുന്നത്.
ഗ്വാട്ടിമാലയിൽ വിളവെടുപ്പു വൈകിയതും ഉത്പാദനം കുറഞ്ഞതും ബുൾ തരംഗം സൃഷ്ടിച്ചു. ഇന്ത്യൻ വിലയെ അപേക്ഷിച്ച് ഏതാണ്ട് 30 ശതമാനം നിരക്ക് ഇതിനകം അവിടെ ഉയർന്നു. സാധാരണ നമ്മുടെ വിലയിലും താഴ്ത്തിയാണ് അവർ ഏലം ഇറക്കുന്നത്. പുതിയ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മുന്നിലുള്ള മാസങ്ങളിൽ ഇന്ത്യൻ ഏലം തിളങ്ങാം.ഏപ്രിൽ മധ്യമാണ് റംസാൻ നോയന്പ് തുടങ്ങുന്നത്. സൗദി അറേബ്യ എട്ട് എംഎം വലിപ്പമുള്ള ഏലത്തിൽ താത്പര്യം കാണിക്കുന്നു.
