March 2, 2026

Idukkionline

idukkivarthaonline

അണക്കര, നടുവണക്കര കോളനിയിലെ അംഗൻവാടിയുടെ സ്ഥലത്തെ കയ്യേറ്റം റവന്യുവകുപ്പ് ഒഴിപ്പിച്ചു. അയൽവാസി നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാൽ പുതിയ അംഗൻവാടി കെട്ടിട നിർമ്മാണം വർഷങ്ങളായി തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഉടുമ്പൻചോല താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘം എത്തി സ്ഥലം അളന്നു തിരിച്ച് നൽകി.

ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട അണക്കര കോളനി അംഗൻവാടിക്കായി സമീപത്തെ സ്വകാര്യവ്യക്തി നൽകിയ മൂന്ന് സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ച് അംഗൻവാടി പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ കാലപ്പഴക്കംമൂലം പണിയുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ഇതിനുവേണ്ടി പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അയൽവാസി സ്ഥലത്തിന് അവകാശവാദമുന്നയിച്ച് നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി വന്നിരുന്നത്. ഏതാനും മാസം മുമ്പ് കെട്ടിടനിർമ്മാണത്തിന് എത്തിയ കോൺട്രാക്ടറെ ഇവർ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ നൽകിയ ഉത്തരവ് പ്രകാരമാണ് താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയ സ്ഥലം അളന്ന് തിരിച്ചു നൽകിയത്.

രാവിലെ സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ അയൽവാസിയും ഭാര്യയും ചേർന്ന് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വണ്ടൻമേട് പോലീസ് സ്ഥലത്തെത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. അംഗൻവാടിയുടെ സ്ഥലത്ത് ഇവർ കൈയേറി കൃഷി നടത്തിയിരുന്നത് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. കരാർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതിനാൽ അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!