October 14, 2026

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ഡിജിറ്റല്‍ മേഖല കൂടി വളര്‍ന്നാല്‍ ഇടുക്കിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കൃഷിയും ടൂറിസവും വളരുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യ കൂടി വളരണം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന കെ. ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വരും നാളില്‍ ഇടുക്കി ജില്ലയില്‍ വലിയ സാധ്യതയാണുള്ളത്. പ്രത്യേകിച്ചും ടൂറിസം മേഖലയില്‍. 2001-11 കാലയളവില്‍ സംസ്ഥാന തലത്തില്‍ ജനസംഖ്യ 4.9% ഉയര്‍ന്നപ്പോള്‍ ഇടുക്കിയില്‍ 1.8% കുറയുകയാണുണ്ടായത്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തൊഴില്‍ തേടി മറ്റിടങ്ങളിലേക്ക് പോയി അവിടങ്ങളില്‍ സ്ഥിരതാമസമാക്കുന്ന പ്രവണതയാണ് ഇപ്പോള്‍. ഇത് ജില്ലയിലെ ജനസംഖ്യാ വളര്‍ച്ചയെ പിന്നോട്ടാക്കി. യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയണമെങ്കില്‍ ജില്ലയില്‍ തൊഴിലവസരം കൂടുതലായി സൃഷ്ടിക്കണം. അതിനായി കൃഷി ഉള്‍പ്പെടെ പരമ്പരാഗത മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ഡിജിറ്റല്‍ മേഖലയും വളരണം. വ്യവസായ നിക്ഷേപം വളരെ കുറഞ്ഞ ജില്ലയാണ് ഇടുക്കി. പരിസ്ഥിതിക്ക് ദോഷകരമായ വ്യവസായങ്ങള്‍ ജില്ലയ്ക്ക് യോജിച്ചതല്ല. ഇതിനു ബദല്‍ ഡിജിറ്റല്‍ വ്യവസായമാണ്.

Copyright © All rights reserved. | Newsphere by AF themes.