October 14, 2026

റോഡിലൂടെ കെട്ടിവലിച്ചു; അവസാനം ദാരുണാന്ത്യം

വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ജംക്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ കൈരളി ജംങ്ഷൻ മാണ്ടിയിൽ ഷാബുവിനെ (51) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ക്രൂരമായി ഉപദ്രവിക്കപ്പെട്ട നായയെ രണ്ടു പേർ സംരക്ഷണത്തിനായി ഏറ്റെടുത്തിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെ നായ ചത്തു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് നായയെ ഷാബു കെട്ടിവലിച്ചത്. നായയെ വലിച്ചിഴച്ചു കൊണ്ടു വരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ക്രൂരമായ ദൃശ്യം കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും നായയെ വിടാൻ ഷാബു കൂട്ടാക്കിയില്ല. ഇതോടെ സിദ്ധാർഥ് എന്ന യുവാവ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇതിനു പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനുസരിച്ച് കട്ടപ്പന പൊലീസും സ്ഥലത്തെത്തി. ഷാബുവിനെ അറസ്റ്റ് ചെയ്‌ത പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. 20 മീറ്ററോളം വലിച്ചിഴച്ച നായയുടെ ശരീരത്തിൽ പരുക്കുകളേറ്റിരുന്നു.

Copyright © All rights reserved. | Newsphere by AF themes.