April 15, 2026

Idukkionline

idukkivarthaonline

പരിസ്ഥിതി നയരേഖ പ്രകാശനം: വികസന പദ്ധതികൾക്ക് പരിസ്ഥിതി പഠനം നിർബന്ധമാക്കണം

തിരുവനന്തപുരം: മാറുന്ന കാലാവസ്ഥയും വർധിച്ചു വരുന്ന പാരിസ്ഥിതിക തകർച്ചയും മുന്നിൽക്കണ്ട് വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി പഠനത്തിന് പ്രാധാന്യം നൽകണമെന്ന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. കേരള പരിസ്ഥിതി ഐക്യവേദി തയ്യാറാക്കിയ ജനകീയ പരിസ്ഥിതി നയരേഖയുടെ പ്രകാശനച്ചടങ്ങിലാണ് ഈ ആവശ്യം ശക്തമായി ഉയർന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ എം.ജി നയരേഖ പ്രകാശനം ചെയ്തു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വൻ വികസന പദ്ധതികളും പ്രകൃതി ദുരന്തങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് രാധാകൃഷ്ണൻ എം.ജി പറഞ്ഞു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ സംസ്ഥാനത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നുവെങ്കിലും 2017 മുതൽ തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ലെ പ്രളയത്തെ തുടർന്ന് നിരവധി പഠനങ്ങളും ചർച്ചകളും നടന്നിട്ടും ഇന്നും രണ്ടു ദിവസം മഴ പെയ്താൽ പല നഗരങ്ങളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ദുരന്തമുണ്ടായ അതേ പ്രദേശത്ത് തുരങ്കപാത നിർമ്മാണം പുരോഗമിക്കുന്നതും ആശങ്കാജനകമാണെന്നും ഇത്തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നയപരിപാടികളുടെ കേന്ദ്രമായി പരിസ്ഥിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം അതീവ ദുർബലമായ പാരിസ്ഥിതിക മേഖലയായി മാറുകയാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുവെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. വലിയ പ്രളയങ്ങളും ആവർത്തിക്കുന്ന ഉരുൾപ്പൊട്ടലുകളും സംസ്ഥാനത്തെ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളം സൈക്ലോൺ പ്രോൺ മേഖലയായി മാറുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടനാട് പോലുള്ള പ്രദേശങ്ങൾ പാരിസ്ഥിതിക ആഘാതങ്ങളുടെ കേന്ദ്രമായി മാറിയതോടെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് കുടിയേറുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വികസന പദ്ധതിയും അതത് പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ചായിരിക്കണമെന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരേ നിർമ്മാണ രീതികൾ പിന്തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നയരേഖയിലെ നിർദേശങ്ങൾ യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങൾ ഈ പരിസ്ഥിതി നയരേഖ ഏറ്റെടുക്കണമെന്നും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കിഴക്കൻ മലനിരകൾ വ്യാപകമായി ഖനനം ചെയ്ത് നീക്കം ചെയ്തപ്പോഴും സമൂഹം വേണ്ടത്ര പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം വേഗതയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ചാലേ ജീവിതം സംരക്ഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ശ്രീധരൻ രാധാകൃഷ്ണൻ (തണൽ) നയരേഖയും എം. രമിത് ഭാവി രേഖയും സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ. ബാബു സ്വാഗതവും വീണ മരതൂർ നന്ദിയും അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ഇ. കുഞ്ഞികൃഷ്ണൻ, എസ്. ഉഷ, സുഭാഷ് ചന്ദ്ര ബോസ്, ജോൺസൺ, ഹരിലാൽ, സിസ്റ്റർ മേഴ്സി, എബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!