കുമളി പൊതുറോഡ് കൈയേറി കെട്ടിട നിര്‍മാണം; പഞ്ചായത്തും വനംവകുപ്പും നടപടിക്കൊരുങ്ങുന്നു
കുമളി: അമ്പാടിക്കവലയിൽ നിന്നും അമലാംബിക സ്‌കൂളിലേക്കും മംഗളാദേവിയിലേക്കും പോകുന്ന പ്രധാന റോഡിന്റെ ഭാഗങ്ങൾ കൈയേറി കെട്ടിട നിർമാണം നടത്തിയതായി പരാതി ഉയർന്നു. കെട്ടിട നിർമാണത്തിന്റെ മറവിൽ പൊതുറോഡ് കൈയേറിയതും, മരംവെട്ട് നടന്നതുമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെയാണ് പഞ്ചായത്തും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്.
ചങ്ങനശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അനധികൃത നിർമാണം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലെ ഏറ്റവും വീതിയേറിയ റോഡായ അമലാംബിക–മംഗളാദേവി റോഡിന്റെ ഏകദേശം ആറര അടിയോളം വീതിയുള്ള ഭാഗത്തിൽ ഒന്നര അടിയോളം റോഡ് കൈയേറി മതിൽ കെട്ടുന്നതിനായുള്ള നിർമാണമാണ് നടന്നത്. നെറ്റിട്ട് മറച്ച നിലയിൽ നിർമാണം പുരോഗമിച്ചതിനാൽ ഇത് ആദ്യഘട്ടത്തിൽ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഇതിനിടെ സമീപത്തെ ശശി ക്വാർട്ടേഴ്സിലേക്ക് പോകുന്ന മൂന്നര മീറ്റർ വീതിയുള്ള റോഡിന്റെ പ്രവേശന ഭാഗത്തും അനധികൃതമായി ഇറക്കി കെട്ടി നിർമാണം നടത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പഞ്ചായത്തിനെ വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 20 മീറ്ററോളം റോഡ് കൈയേറി നിർമാണം നടത്തിയതായി കണ്ടെത്തി. കൂടാതെ നിർമാണത്തിനായി 15 മീറ്ററോളം നീളത്തിൽ കുഴിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
നിർമാണ പ്രദേശത്ത് ചില മരങ്ങൾ വെട്ടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെയും വിവരം അറിയിച്ചു. വനപാലകർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിശദമായ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
റോഡ് പൂർവസ്ഥിതിയിലാക്കുകയും അനധികൃത നിർമാണം നീക്കം ചെയ്യുകയും ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. തുടര്‍നടപടികള്‍ എന്താകുമെന്ന് പ്രദേശവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
