മുല്ലപ്പെരിയാറിൽ ആർ.ഒ.വി പരിശോധനയുടെ ട്രയൽ റൺ വിജയം; അണക്കെട്ടിന്റെ ബലക്ഷയം കണ്ടെത്താൻ വിപുലമായ നീക്കം.
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയവും സുരക്ഷയും സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) പരിശോധനയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച മുതൽ 12 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിശോധനയ്ക്കാണ് ഇതോടെ തുടക്കമാകുന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടക്കുന്ന ഈ പഠനം കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം നിർണായകമാണ്.
ഫ്രാൻസിൽ നിന്നുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗം (Upstream side) പരിശോധിക്കുന്നത്. 1200 അടി നീളമുള്ള അണക്കെട്ടിനെ വിവിധ ഘട്ടങ്ങളായി തിരിച്ചാണ്. അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് പ്രാഥമിക പരിശോധന നടത്തും. ഇതിനുശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് സൂക്ഷ്മ പരിശോധന.
ഏറ്റവും ഒടുവിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമുള്ള ചെറിയ ഭാഗങ്ങളായി തിരിച്ച് അതീവ സൂക്ഷ്മതയോടെ ചിത്രങ്ങൾ പകർത്തും.
2011 മാർച്ചിൽ ഇത്തരമൊരു പരിശോധനയ്ക്ക് കേരളം ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തകരാർ മൂലം അത് മുടങ്ങുകയായിരുന്നു. മുൻപ് നടത്തിയ പഠനങ്ങളിൽ അണക്കെട്ടിന്റെ ഭിത്തിയിലെ പ്ലാസ്റ്ററിങ് ഇളകിയതായും നിർമ്മാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം ഒലിച്ചുപോയി കരിങ്കല്ലുകൾ തെളിഞ്ഞതായും കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ തമിഴ്നാട് തയ്യാറായിരുന്നില്ല.
കഴിഞ്ഞ നവംബറിൽ ഉന്നതാധികാര സമിതിയുടെ സന്ദർശനത്തിന് ശേഷം മധുരയിൽ നടന്ന യോഗത്തിൽ കേരളം ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇപ്പോൾ പരിശോധനയ്ക്ക് തമിഴ്നാട് പച്ചക്കൊടി വീശിയത്. ഡൽഹിയിൽ നിന്നുള്ള ശാസ്ത്രജ്ഞരായ പി. സെന്തിൽ, സി. വിജയ്, ഡോ. ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ്മ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
നിലവിൽ 133.80 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നതോടെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച തർക്കങ്ങളിൽ ശാസ്ത്രീയമായ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
