April 18, 2026

Idukkionline

idukkivarthaonline

കുമളിയിൽ കനത്ത മഴ നാശം വിതച്ചു; വീടുകളിൽ വെള്ളം കയറി, നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളം കയറി വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
ഇന്നലെ രാത്രി എട്ടു മണിയോടുകൂടി ആരംഭിച്ച ശക്തമായ മഴയാണ് കുമളിയെ ദുരിതത്തിലാക്കിയത്.
തുടർച്ചയായി പെയ്ത മഴയിൽ തോടുകൾ നിറഞ്ഞൊഴുകി. കുമളി ടൗൺ, ഹോളിഡേ ഹോം പരിസരം, വലിയ കണ്ടം, ഒന്നാം മൈൽ, പെരിയാർ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
പ്രദേശത്തെ ഹോളിഡേ ഹോമിന് സമീപം വീട്ടിൽ കുടുങ്ങിയ നാല് പേരെയാണ് നാട്ടുകാരും കുമളി പോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. നന്ദനം വീട്ടിൽ കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് വീട്ടിൽ കുടുങ്ങിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് ഇവിടെ വെള്ളം അതിശക്തമായി ഉയർന്നത്.
ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം വീടിനടുത്ത് എത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരും കുമളി പോലീസും ചേർന്ന് വടം കെട്ടി സാഹസികമായാണ് നാല് പേരെയും അക്കരയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.
പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിലെ ആളുകളെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!