April 18, 2026

Idukkionline

idukkivarthaonline

കമ്പത്ത് മലയാളി യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി.കൊലപാതകം മദ്യപാന തർക്കത്തെ തുടർന്ന്; പ്രതി പിടിയിൽ.

കുമളി: തേനി ജില്ലയിലെ കമ്പത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മലയാളി യുവാവിനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാർ (39) നെ കമ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തുവന്നത്.
കമ്പത്ത് വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്ന മുഹമ്മദ് റാഫി കമ്പം ടൗണിലെ സെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രിയിൽ ഇയാളുടെ മുറിക്കടുത്ത് താമസിച്ചിരുന്ന ഉദയകുമാറുമായി ചേർന്ന് മുഹമ്മദ് റാഫി മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കത്തിൽ പ്രകോപിതനായ ഉദയകുമാർ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് റാഫിയുടെ നെഞ്ചിൽ ശക്തിയായി അടിക്കുകയായിരുന്നു.
രാത്രി വൈകിയും റാഫി അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ കമ്പം നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇൻസ്‌പെക്ടർ പാർത്ഥിബന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി ഉദയകുമാറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി.
മൃതദേഹം തുടർ നടപടികൾക്കായി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!