മുല്ലപ്പെരിയാര്‍: സുരക്ഷാ പരിശോധന നടത്താം; കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം
ന്യൂഡല്‍ഹി: കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗം തീരുമാനം എടുത്തു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡൽഹിയിലെ കേന്ദ്ര ജലക്കമ്മിഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയിൽ ചേർന്നത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്.
സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുൻപ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്‌ധന്മാർ ഉൾപ്പെടുന്ന സമിതി, കേരളം കൂടി നിർദേശിക്കുന്ന അജണ്ട കൂടി ഉൾപ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കും. ഇതിൻ്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളും. 2021-ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം ഇങ്ങനെയുള്ള പരിശോധന 2026-ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്.
യോഗത്തിൽ കൈക്കൊണ്ട മറ്റ് പ്രധാന തീരുമാനങ്ങൾ
. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിയന്തിര കർമ്മ പദ്ധതി (Emergency Action Plan) പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ മേൽനോട്ട സമിതി തമിഴ്‌നാടിന് നിർദേശം നൽകി.
. സുപ്രീ കോടതി നിർദേശ പ്രകാരം അണക്കെട്ടിൽ തമിഴ്‌നാട് നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക്, മേൽ പ്രസ്താവിച്ച കാര്യങ്ങളുടെ പുരോഗതിക്ക് അനുസൃതമായി വേണ്ട അനുമതിക്കുള്ള അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് തീരുമാനമെടുക്കാൻ കേരളത്തോട് സമിതി നിർദ്ദേശിച്ചു.

