രുചി വൈവിധ്യങ്ങളുടെ മേളയൊരുക്കി തോട്ടം മേഖലയിലെ വിദ്യാർത്ഥികൾ.
കുമളി:തോട്ടം മേഖലയിലെ സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന രുചി ഭേദങ്ങളുടെ മേള പുതിയ അനുഭവമായി.
ഇൻസ്റ്റന്റ്, ഫാസ്റ്റ്, കോണ്ടിനൻ്റൽ ഫുഡുകളുടെ അതിപ്രസരമായി മാറിയ വർത്തമാന കാലഘട്ടത്തിൽ, ഇല്ലാതായി പോകുന്ന ആരോഗ്യകരമായ നാടൻ ഭക്ഷണങ്ങളുടെ ഗുണങ്ങൾ സമൂഹത്തിന് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് തോട്ടം മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായ വണ്ടിപ്പെരിയാർ ഗവ: എൽ. പി സ്കൂളിൽ ‘രുചി വിഭവം 2024 എന്ന നാടൻ ഭക്ഷണമേള’ സംഘടിപ്പിച്ചത് . നാലാം ക്ലാസിലെ ഊണിൻ്റെ മേളം, മൂന്നാം ക്ലാസിലെ ആരോഗ്യകരമായ ഭക്ഷണം എന്നീ പാഠ്യവിഷയങ്ങൾ ആസ്പദമാക്കിയാണ് ഭക്ഷണമേള ഒരുക്കിയത്. സ്കൂളിലെ ഏതാനും കുട്ടികൾ മാതാപിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണപദാർഥങ്ങളാണ് മേളയിൽ അണിനിരത്തിയത്. ധാന്യ പദാർഥങ്ങളിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ, പുതിന, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ആരോഗ്യസംരക്ഷക പച്ചക്കറികളിൽ നിന്നും തയ്യാറാക്കിയ ഇഡലി, അപ്പം എന്നീ ഭക്ഷണങ്ങളും തമിഴ്നാടൻ ഭക്ഷണവിഭവങ്ങളായ കമ്പ്കൂള്, പുളിസാദം, ലമൺറൈസ്, തൈര് സാദം എന്നിവയും ഭക്ഷണമേളയെ വേറിട്ട അനുഭവമാക്കി. വിദ്യാർത്ഥികൾ,
തങ്ങൾ തയ്യാറാക്കിയ ഭക്ഷണപദാർഥങ്ങൾ ഭക്ഷണമേള സന്ദർശിക്കുവാനെത്തിയ കുട്ടികൾക്ക് ഷെഫുകളുടെ വേഷവിധാനത്തോടെ പരിചയപ്പെടുത്തി.
വണ്ടിപ്പെരിയാർ ഗവ: എൽ പി സ്കൂളിൽ നടന്ന മേള, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഡി അജിത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ,പീരുമേട് ബി.പി.ഒ അനീഷ് തങ്കപ്പൻ, ബി. ആർ. സി ട്രെയ്നർ സി. ആര്യ, എന്നിവർ സന്ദർശിച്ചു
സ്കൂൾ അധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിലാണ് രുചിഭേദം 2024 നാടൻ ഭക്ഷണമേള സംഘടിപ്പിച്ചത്.
