അധ്യാപികയായ യുവതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം ബിജേഷിനെ കാണാതെയുമായി. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് എത്തിച്ചത്.സബ് കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്,അടിയേറ്റത് മൂലം ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ.ഇതിനാൽ കഴിഞ്ഞ 17 ന് രാത്രിയിലാകാം കൊലപാതകം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.അന്നാണ് അനുമോൾ അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്. അതേ സമയം കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കി.ഇയാളുടെ മൊബൈൽ ഫോൺ കുമളിയിൽ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
