March 4, 2026

Idukkionline

idukkivarthaonline

ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം ആറ് മാസത്തിനുള്ളില്‍

ഉടുമ്പൻചോല : ഏറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. എം എം മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന കെട്ടിടത്തിലായിരിക്കും താല്‍ക്കാലികമായി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുക. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. പി. വൈ അന്‍സാരിയെ സ്പെഷ്യല്‍ ഓഫീസറായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് രണ്ടാംഘട്ടമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരംഭിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. ജിവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്നും എം എല്‍ എ അവലോകന യോഗത്തില്‍ അറിയിച്ചു.
ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജെന്ന് എംഎം മണി എം എല്‍ എ പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി എം എം മണി എംഎല്‍എ രക്ഷാധികാരിയായും ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. എന്‍ മോഹനന്‍ ചെയര്‍മാനായും, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ സജികുമാര്‍ സെക്രട്ടറിയായും നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, സേനാപതി, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങളുമായുള്ള വികസന സമിതിക്കും രൂപം നല്‍കി. ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി വിട്ടു നല്‍കിയിട്ടുള്ള ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ സജി കുമാര്‍ യോഗത്തില്‍ അറിയിച്ചു. ആശുപത്രിയ്ക്കായി താല്‍ക്കാലികമായി കണ്ടെത്തിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനാണ് അവലോകന സമിതിയുടെ തീരുമാനം.സംസ്ഥാനത്തെ ഏറ്റവും വലുതും നാലാമത്തേതുമായ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജാണ് 21 ഏക്കറില്‍ മാട്ടുത്താവളത്ത് സ്ഥാപിക്കാന്‍ അനുമതിയായിരിക്കുന്നത്. 400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. അവലോകന യോഗത്തില്‍ എക്സ്പെര്‍ട്ട് കമ്മറ്റി മെമ്പര്‍ ഡോ.സുനില്‍ ജോണ്‍, ആശുപത്രി പ്രൊജക്റ്റ്് പ്ലാനിംഗ് ഓഫീസര്‍ ഷാനു രാജ്, വി. എന്‍ മോഹനന്‍, ആയുര്‍വേദ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ എന്‍. പി സുനില്‍കുമാര്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ജെ ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!