October 14, 2026

പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്നര വയസ് പ്രായം വരുന്ന പെണ്‍കടുവയെയാണ് നെല്ലിക്കമ്പെട്ടി സെക്ഷനില്‍ പട്രോളിങിന് പോയ ഉദ്യോഗസ്ഥര്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ശരീരത്തില്‍ പരിക്കോ മറ്റ് പാടുകളോ കണ്ടെത്തിയിട്ടില്ല. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ഗൈഡ്‌ലൈന്‍ പ്രകാരം ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബുവിന്റെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കൃത്യമായ കാരണം വ്യക്തമാകണമെങ്കില്‍ പരിശോധന ഫലം വരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Copyright © All rights reserved. | Newsphere by AF themes.