October 14, 2026

യുവാവിനെ ഫോൺ വിളിച്ച് വീടിനു പുറത്തിറക്കിയ ശേഷം വെട്ടിക്കൊന്നു

പെരുമ്പാവൂർ: ഫോൺ ചെയ്ത് വീട്ടിൽനിന്നു പുറത്തിറക്കിയ ശേഷം യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. കീഴില്ലം പറമ്പിപിടിക ഷാപ്പിനു സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ടു പേർ പിടിയിലായി. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്
ഇന്നലെ രാത്രി പത്തു മണിയോടെ വീടിനു സമീപത്തെ കനാൽ ബണ്ട് റോഡിലാണ് കൊലപാതകം നടന്നത്. കഴുത്തിന് വെട്ടേറ്റ അൻസിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകം നടത്തിയ സംഘമാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. കുറുപ്പംപടി പൊലീസ് സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഗുണ്ടാസംഘമാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശം. റിയൽ എസ്റ്റേറ്റ് ബിസിനസാണ് അൻസിലിന്. വാഹനക്കച്ചവടവും ഉണ്ട്. പറമ്പിപ്പീടിക വെള്ളച്ചാട്ടത്തിനു സമീപമാണ് അൻസിലിനെ വെട്ടി വീഴ്ത്തിയത്.
അമ്മയ്ക്കൊപ്പം മണ്ണൂർ യാക്കോബായ പള്ളിയിൽ കൺവെൻഷൻ കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Copyright © All rights reserved. | Newsphere by AF themes.