October 14, 2026

വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ സന്ദേശങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ:വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റുചെയ്യുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി.
ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അതിനാൽ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരിൽ അഡ്മിനെതിരേ നടപടിയെടുക്കാൻ പാടില്ലെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വ്യക്തമാക്കി. ഗ്രൂപ്പിൽ മറ്റൊരാൾ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരിൽ ക്രിമിനൽനടപടി നേരിട്ട അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി മധുര ബെഞ്ച്.
ഗ്രൂപ്പിൽ ആളുകളെ ചേർക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങൾചെയ്യുന്നതിനുമാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുമ്പ് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച സമാന ഉത്തരവ് ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.

Copyright © All rights reserved. | Newsphere by AF themes.