അനധികൃത നിര്‍മാണം തടയണമോ? ഭൂമി സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമോ?.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇടുക്കിയില്‍ മണ്ണില്‍ മുഴച്ച് നിന്ന ചോദ്യമായി ഇത് മാറി. ഏറെക്കുറേ സങ്കീര്‍ണമായ പ്രശ്‌നം. ജനരോഷം തണുപ്പിക്കാനും വോട്ടുറപ്പിക്കാനും 1964 ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യും എന്ന ഉറപ്പ് മുന്ന് മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു. ഭൂപതിവ് ചട്ട ഭേദഗതി എല്ലാ മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ ടെസ്റ്റ് ഡോസ് ആണ്. പുതിയ സര്‍ക്കാരിന് മുന്നില്‍ കുരുക്കഴിക്കാന്‍ ക്ലേശിക്കേണ്ടിവരുന്ന സങ്കീര്‍ണമായ വെല്ലുവിളിയും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇടുക്കിയില്‍ മാത്രമല്ല ബാധകം.1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് പട്ടയം ലഭിച്ച സംസ്ഥാനത്തെ എല്ലാ ഭൂമിയിലും ഈ വിലക്ക് ബാധകമാണ്. ഇടുക്കിയില്‍ അത് മറ്റിടങ്ങളേക്കാള്‍ രൂക്ഷമായ പ്രതികരണമായി മാറുകയും ചെയ്യുന്നു.
ഇടുക്കി മൂന്നാറിലെ എട്ട് വില്ലേജുകളില്‍ ബാധകമാകുന്ന വിധത്തിലായിരുന്നു ആദ്യം സര്‍ക്കാര്‍ ഉത്തരവ്. ഇടുക്കിക്ക് മാത്രമായി നിയമം പാടില്ലെന്നും സംസ്ഥാനത്ത് ഉടനീളം അത് ബാധകമാകണം എന്നും ആവശ്യപ്പെട്ട് അതിജീവ പോരാട്ട വേദി ഉന്നയിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചപ്പോള്‍ സംസ്ഥാനത്ത് എല്ലായിടത്തും പ്രാബല്യത്തിലായി. കൃഷിക്കായി അനുവദിച്ച ഭൂമിയില്‍ ഇതര നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്ന നിരവധി കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിച്ചു.
നിരോധനം എങ്ങനെ?:
1964ലെ ഭൂ പതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയ ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മാണങ്ങളും മാത്രമേ അനുവദിക്കൂ. നിയമം ലംഘിച്ചാല്‍ പട്ടയം റദ്ദാക്കും.
പട്ടയ ഭൂമിയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ടൂറിസം അനുബന്ധ വ്യവസായങ്ങള്‍, ഏലം ഡ്രയര്‍, ഹോട്ടലുകള്‍, കട മുറികള്‍ എന്നിവയെല്ലാം സ്ഥാപിക്കുന്നത് നിയമവിരുദ്ധമായിരിക്കും.
നിലവില്‍ വാണിജ്യസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നവയ്‌ക്കെല്ലാം നിയമം ബാധകമാണ്. അതനുസരിച്ച് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയെങ്കില്‍ അതിന് നിയമ പ്രാബല്യം ഇല്ലാതായിത്തീരും. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും അനുമതി നല്‍കില്ല.
ഈ വ്യവസ്ഥകള്‍ വെച്ചതോടെ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത സാഹചര്യമായി. ഈ ഭൂമി ഈട് നല്‍കി ബാങ്ക് വായ്പ വാങ്ങുക എന്നതും അസാധ്യമായി.
കോടതിയുടെ ഇടപെടലാണ് എല്ലായിടത്തും ബാധകമാകും വിധത്തില്‍ ഉത്തരവിന് സാധുത നല്‍കിയത്. ആദ്യ നിരോധന ഉത്തരവ് നിലനില്‍ക്കെ തന്നെ വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ റവന്യൂവകുപ്പും തദ്ദേശ വകുപ്പും അനുമതി നല്‍കിയ കാര്യം ഹര്‍ജിക്കാര്‍ വീണ്ടും ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. സര്‍ക്കാരിന് മുന്നില്‍ കോടതിയലക്ഷ്യ നടപടിയെന്ന കടമ്ബ കൂടി അതോടെ ഉയര്‍ന്നു. 2020 ഡിസംബര്‍ രണ്ടിന് റവന്യൂ വകുപ്പും ഡിസംബര്‍ 22ന് തദ്ദേശ വകുപ്പും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതായി സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചതിലൂടെയാണ് ആ കടമ്ബകള്‍ സര്‍ക്കാര്‍ മറികടന്നത്.
നിര്‍മാണ വിലക്ക് മറികടക്കാന്‍ 1964ലെ ഭൂ പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താം എന്നതായിരുന്നു സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ ഉറപ്പ്. 2019ല്‍തന്നെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ, അതുണ്ടായില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മുഖ്യവിഷയമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കാരണവും അതുതന്നെ. ഉറപ്പാണ് എല്‍ഡിഎഫ് എന്ന എല്‍ഡിഎഫ് പ്രചാരണ വാചകത്തിന്റെ സത്ത ചോദ്യം ചെയ്ത് യുഡിഎഫ് ഇത് സജീവ വിയമാക്കി മാറ്റി. അതിന് കാരണവുമുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയില്‍ ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധിയൊരുക്കിയത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായി ഉയര്‍ന്ന പ്രതിഷേധങ്ങളായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെ പാടെ തള്ളിക്കളഞ്ഞ് കസ്തൂരി രംഗന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പോലും ഇടുക്കിയിലെ ജനങ്ങളെ അസ്വസ്ഥമാക്കിയതായിരുന്നു. അവരുടെ നീറുന്ന രോഷത്തിന്റെ രാഷ്ട്രീയ നേട്ടം ഇടത് മുന്നണിക്ക് ആ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് ലഭിച്ചു. ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിലൂന്നി നിന്ന് നഷ്ടപ്പെട്ട രാഷ്ട്രീയ മേല്‍ക്കൈ തിരിച്ചുപിടിക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. അത് പ്രതിരോധിക്കുകയെന്ന ദൗത്യം തുടര്‍ ഭരണം ലക്ഷ്യമിട്ട എല്‍ഡിഎഫിന്റെ വലിയ വെല്ലുവിളിയുമായി മാറി.
ലാന്‍ഡ് അസൈന്‍മെന്റ് ആക്‌ട് അനുസരിച്ച് പതിച്ച് നല്‍കിയ ഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവു എന്ന മറുപടിയാണ് അപേക്ഷകള്‍ നിരസിച്ചുകൊണ്ട് ജില്ല കലക്ടര്‍ നല്‍കിയത്. പട്ടയം അനുവദിക്കുമ്ബോള്‍ തന്നെ ഈ വ്യവസ്ഥ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന റവ്യന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. വീട് നിര്‍മിക്കുന്നതിനും വ്യവസ്ഥയുണ്ട്. അവിടെ താമസിക്കുന്നതിനുള്ള വീട് വെക്കുന്നതിന് മാത്രമാണ് നിയമം അനുവദിക്കുന്നത്. ഈ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നത് വരെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള വിലക്ക് നിലനില്‍ക്കും.
1964ലെ ലാന്‍ഡ് അസൈന്‍മെന്റ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യമെടുക്കുന്ന തീരുമാനങ്ങളില്‍ ഒന്ന് ഈ നിയമം പരിഷ്‌കരിക്കുന്നതായിരിക്കും എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചു. പുതിയ മേഖലയിലെ വോട്ട് ബാങ്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യം പ്രയോഗിക്കുന്ന ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍ഡിഎ) ഇതില്‍നിന്ന് വ്യത്യസ്തമായില്ല. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കും എന്ന വാഗ്ദാനം ആ മുന്നണിയും നല്‍കി. ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് നിശ്ചയിക്കുന്നതിനുള്ള രാഷ്ട്രീയ കാരണം ഇതാകുമോ എന്ന് വ്യക്തമല്ലെങ്കിലും പുതിയ സര്‍ക്കാരിന് ഈ വാക്ക് പാലിക്കുകയെന്നത് വലിയ വെല്ലുവിളിയായി തീരും.
പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം നടത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജിനെ 2014ല്‍ പിന്തുണച്ചതിന്റെ തുടര്‍ച്ച 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ സഹായിച്ചതാണ്. ജില്ലയില്‍ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് ജയിക്കാനായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലോ ഭൂമി ജില്ലയില്‍ ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം ആയില്ല. അതിന്റെ നേട്ടം യുഡിഎഫിനും ലഭിച്ചു. കേരള കോണ്‍ഗ്രസ് (എം)ന്റെ മുന്നണി മാറ്റത്തിന് അപ്പുറം വോട്ടിങ് ഘടനയിലുണ്ടാകുന്ന മാറ്റത്തിന്റെ കാരണം ഭൂമി തന്നെ ആകുമോ എന്ന ഉറപ്പിക്കുക എളുപ്പമാകില്ല.
ഇക്കാര്യം പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിയത് യുഡിഎഫ് ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാര്‍ച്ച് 26ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. 2019 ല്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഈ ചട്ടം ഭേദഗതി ചെയ്യുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഓര്‍മ്മിപ്പിക്കുന്നു.
‘ഉറപ്പ് അല്ലാതെ ഭേദഗതി ഉണ്ടായിട്ടില്ല. ഇടുക്കിയില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എംഎം മണി മന്ത്രിസഭയില്‍ ഉണ്ടായിട്ടും ജില്ലയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. പട്ടയം നല്‍കി പതിച്ച് കിട്ടിയ ഭൂമിയില്‍ ഒരു ചെറിയ കടമുറി തുടങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങള്‍. അത്തരം അപേക്ഷകള്‍ പോലും ജില്ലാ ഭരണകൂടം നിരസിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബേ തന്നെ ഈ ആവശ്യം തങ്ങള്‍ ഉന്നയിക്കച്ചിരുന്നു.’- ഇബ്രാഹി കുട്ടി കല്ലാര്‍ വിമര്‍ശനത്തിന്റെ മുന കൂര്‍പ്പിച്ചു.
1964ലെ ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കാല പ്രാബല്യത്തോടെ ആക്‌ട് ഭേദഗതി വരുത്തണം എന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആവശ്യം. എല്ലാ മുന്നണികളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുകയും ചെയ്തു.
രണ്ട് തെരഞ്ഞെടുപ്പുകളില്‍ ജനവിധിയെ സ്വാധീനിച്ച ഒരു കൂട്ടായ്മ വ്യക്തമായ ഉറപ്പ് ലഭിക്കുന്നതിനായി സമ്മര്‍ദ തന്ത്രം പ്രയോഗിക്കുമ്ബോള്‍ ഫലത്തില്‍ മുന്നണികള്‍ക്ക് അത് വലിയ വെല്ലുവിളിയായി മാറുകയാണ്. V.R. വിജയൻ
