October 14, 2026

ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, ചേമ്പളം-ഞാവള്ളി റോഡിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേമ്പളം-ഞാവള്ളി റോഡിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ചേമ്പളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ എണ്‍പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. മുന്‍ എംപി ജോയ്സ് ജോര്‍ജ്ജിന്റെ ഇടപെടലുകളെ തുടര്‍ന്ന് എം.പി ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. ഗതഗതയോഗ്യമല്ലാതായ ചേമ്പളം-ഞാവള്ളി റോഡിന്റെ നിര്‍മ്മാണം മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചിലവിട്ടാണ് പുനര്‍നിര്‍മിച്ചത്.
ചേമ്പളത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയകുമാരി എസ് ബാബു, വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി.എന്‍ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Copyright © All rights reserved. | Newsphere by AF themes.