പെരിയാർ കടുവാ സങ്കേതത്തിൽ മൂന്നാം ഘട്ട കടുവ കണക്കെടുപ്പിന് തുടക്കമായി
തേക്കടി: 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ക്യാമറ ട്രാപ്പിംഗ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചു. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിർണ്ണായക ഘട്ടമാണിത്. ആദ്യഘട്ടത്തിൽ എട്ടുദിവസം നീണ്ടുനിന്ന ഫീൽഡ് സർവേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകൾ തിരിച്ചറിഞ്ഞാണ് മൂന്നാം ഘട്ടത്തിലെ തീവ്രമായ ക്യാമറ ട്രാപ്പിംഗ് ആരംഭിച്ചിരിക്കുന്നത്.
കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റർ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇതിൽ പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനിൽ 117 ഗ്രിഡുകളും ഉൾപ്പെടുന്നു. ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് ക്യാമറകൾ വീതം ആകെ 940 ക്യാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്.
ഫെബ്രുവരി 25 മുതൽ മാർച്ച് 27 വരെ തുടർച്ചയായി 30 ദിവസമാണ് ക്യാമറ ട്രാപ്പിംഗ് നടക്കുക. ഇതിനു മുന്നോടിയായി ഫെബ്രുവരി 10-ന് ഫ്രണ്ട്‌ലൈൻ സ്റ്റാഫുകൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാൻ നാല് ദിവസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ ഗ്രിഡുകളിൽ പരിശോധന നടത്തുന്നുണ്ട്. സർവ്വേ പൂർത്തിയാകുന്നതോടെ വിവരങ്ങൾ വിശകലനം ചെയ്ത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് (NTCA) സമർപ്പിക്കും. അഖിലേന്ത്യാ കടുവ കണക്കെടുപ്പ് കേരള നോഡൽ ഓഫീസറും കോട്ടയം ഫീൽഡ് ഡയറക്ടറുമായ ശ്രീ പ്രമോദ് പി.പി., ഐ.എഫ്.എസ്. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
