തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
ഇടുക്കി: ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു . തൊട്ടിയാർ ജലവൈദ്യുത പദ്ധതി പവർഹൗസിൽ സ്വിച്ച് ഓൺ നിർവഹിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത് . ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ രാവിലെ 10.30ന് നടന്ന പൊതുസമ്മേളനത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ മുഖ്യാതിഥികളായി എം.എൽ.എമാരായ എം.എം. മണി, എ. രാജ, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കെ.എസ്.ഇ.ബി ചെയർമാൻ ബിജുപ്രഭാകർ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി എന്നിവർ പങ്കെടുത്തു .
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതിയെന്നതാണ് തൊട്ടിയാർ പദ്ധതിയുടെ പ്രത്യേകത. റൺ ഓഫ് ദി റിവർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 40 മെഗാവാട്ടാണ് ഉത്പാദനശേഷി. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ട്രയൽ റണ്ണിൽ തന്നെ 173 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞു. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാർ ജലവൈദ്യത പദ്ധതിയിലുള്ളത്. വാളറ എന്ന സ്ഥലത്ത് ദേവിയാറിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന തടയണയും അനുബന്ധ ജലാശയവുമാണ് പദ്ധതിയുടെ സ്രോതസ്. 222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലം 60 മീറ്റർ നീളമുള്ള കനാലിലൂടെയും തുടർന്ന് 199 മീറ്റർ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലേക്കെത്തുക. 474.3 മീറ്റർ ഉയരത്തിൽ നിന്ന് പെൻസ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർട്ടിക്കൽ ഷാഫ്‌റ്റ് പെൽട്ടൺ ടർബൈനുകളെ ചലിപ്പിക്കുന്നു. പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ മന്നാക്കണ്ടം വില്ലേജിൽ നീണ്ടപാറ എന്ന സ്ഥലത്താണ് തൊട്ടിയാർ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉത്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിർമ്മാണം. 188 കോടി രൂപയാണ് തൊട്ടിയാർ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ്. തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി 11 കെ.വി/ 220 കെ.വി. ട്രാൻസ്‌ഫോർമറുകളിലൂടെ കടന്ന് സ്വിച്ച് യാർഡിലേക്കെത്തും. തുടർന്ന് ലോവർ പെരിയാർ- ചാലക്കുടി 220 കെ.വി. ലൈനിലേക്ക് പ്രവഹിക്കും. നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തന ക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരുക.
