March 2, 2026

Idukkionline

idukkivarthaonline

ട്രാഫിക് നിയമ ലംഘനം ; പൊതു ജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം

കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നിയമത്തിന് മുന്നിലെത്തിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം. കേന്ദ്ര ഗതാഗതമന്ത്രാലയം എൻഐസിയുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി ഗണേഷ്കുമാർ ഇന്ന് പദ്ധതിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോർട്ട് ചെയ്യാം. ദൃശ്യങ്ങള്‍ക്കൊപ്പം ജിപിഎസ് വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തിയാകും അപ്‌ലോഡ് ചെയ്യപ്പെടുക. എവിടെനിന്ന്, ഏതുസമയം ചിത്രീകരിച്ചുവെന്നത് ശാസ്ത്രീയമായി ഇതുവഴി വ്യക്തമാകും. പ്ലേ-സ്റ്റോർവഴി മൊബൈലില്‍ ഇൻസ്റ്റാള്‍ ചെയ്യാവുന്ന ‘നെക്സ്റ്റ് ജെൻ എം. പരിവാഹൻ’ ആപ്പ് വഴിയാണ് അയക്കേണ്ടത്. ആപ്പിലെ ‘സിറ്റിസണ്‍ സെന്റിനല്‍’ എന്ന സെക്ഷനിലെ ‘റിപ്പോർട്ട് ട്രാഫിക് വയലേഷൻ’ എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യണം. പരാതി രജിസ്റ്റർചെയ്യാം എന്ന വിഭാഗത്തിലൂടെയാണ് ദൃശ്യങ്ങള്‍ പകർത്തേണ്ടത്. ഒപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ, നിയമലംഘനത്തിന്റെ രീതി, നിയമലംഘനം നടന്ന സ്ഥലത്തിന്റെ ചെറുകുറിപ്പ്, തീയതി, സമയം, സംസ്ഥാനം എന്നിവ രേഖപ്പെടുത്താമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്‌ നാഗരാജ് പറഞ്ഞു. വേറെ വിവരണങ്ങള്‍ ചേർക്കാനുണ്ടെങ്കില്‍ കമന്റ് ബോക്സും ഉണ്ട്. രജിസ്റ്റർ ചെയ്യുന്ന പരാതി ഡല്‍ഹിയിലെ സെർവറില്‍നിന്ന് അതാത് സംസ്ഥാനങ്ങളിലേക്ക് ഉടൻ അയക്കും. കേരളത്തില്‍ ഇത് പരിശോധിക്കുന്ന തിനായി ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്ന് കുറ്റകൃത്യം നടന്ന പ്രദേശത്തെ എൻഫോഴ്സ്മെന്റ് ആർടിഒമാർക്ക് പരാതി കൈമാറും. അവർ നിശ്ചിത കാലയളവിനുള്ളില്‍ പരാതിയില്‍ നടപടിയെടുക്കും. പരാതി ആരാണ് നല്‍കിയതെന്ന് ഇത് കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥനുപോലും അറിയാൻ സാധിക്കാത്ത വിധത്തിലാണ് സോഫ്റ്റ്‌വെയർ.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!