പറന്നുയരാന്‍ ‘വിങ്സ്’
കേരളം: ഇന്നലെ..ഇന്ന്..നാളെ
വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ സ്വപ്നത്തിന് ചിറകുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/വര്‍ഗ, പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നതും. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹവും അഭിരുചിയും അനുസരിച്ച് വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വിജ്ഞാന്‍വാടികള്‍ മുതല്‍ പൈലറ്റ് പരിശീലന കോഴ്സുകളില്‍ വരെ പഠനസഹായം ലഭ്യമാക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ പൈലറ്റ് ആകാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ പട്ടികജാതി/വര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിങ്സ്. പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് കൊമേര്‍ഷ്യല്‍ പൈലറ്റ് കോഴ്സിന് പരിശീലനം നല്‍കി തൊഴില്‍ അവസരങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പൈലറ്റ് കോഴ്സിന്‍റെ ഭാരിച്ച തുക താങ്ങാനാവാതെ വന്നതോടെയാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലിലൂടെ 2022ല്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഇതോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പൈലറ്റ് പഠനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികളുടെ കോഴ്സ് ഫീസ് വകുപ്പ് ഏറ്റെടുത്തു. ഫീസ്, സ്കോളര്‍ഷിപ്പ്, താമസം, ഭക്ഷണം ഉള്‍പ്പെടെ ഏകദേശം 33 ലക്ഷം രൂപയാണ് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടത്. ഏവിയേഷന്‍ അക്കാദമിയില്‍ ഒരു പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥിക്ക് മാത്രമുണ്ടായിരുന്ന സ്കോളര്‍ഷിപ്പ് 3 എസ്.സി, 2 എസ്.ടി, 1 ഒ.ഇ.സി എന്ന രീതിയില്‍ ഭേദഗതി ചെയ്തു. ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ ആറ് പേര്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിച്ചത്. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയില്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന റാങ്കോട് കൂടി യോഗ്യത നേടുന്നവരില്‍ ഏറ്റവും കുറവ് വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്.

കൂടാതെ 150 പട്ടികവര്‍ഗവിഭാഗം കുട്ടികള്‍ക്ക് എയര്‍പോര്‍ട്ട്- എയര്‍ലൈന്‍ മാനേജ്മെന്‍റ് കോഴ്സുകളില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകളില്‍ പ്രവേശനം അനുവദിക്കും. മറൈന്‍ തൊഴില്‍ മേഖലയിലെ പരിശീലനത്തിനും വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ അവസരമൊരുക്കും.

നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 425 പേര്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പ് നല്‍കി. 25 ലക്ഷം വരെ വിദേശ പഠന കോഴ്സ് ഫീ ആയി നൽകുന്നുണ്ട്. ബിരുദാനന്തര ബിരുദ പഠനത്തിന് പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് 35 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയും ഗ്രാന്‍റ് നല്‍കി വരുന്നുണ്ട്. ഐ.ഐ.എം, ഐ.ഐ.ടി, കല്‍പ്പിത സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സ്കോളര്‍ഷിപ്പ് ലഭിക്കും. പുറമെ പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫീസൊന്നും അടയ്ക്കാതെ പ്രവേശനം ലഭ്യമാക്കുന്ന ഫ്രീ ഷിപ്പ് കാര്‍ഡുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ലഭ്യമാക്കും. ഇത്തരത്തില്‍ നിരവധി പദ്ധതികളിലൂടെ പിന്നാക്ക വിഭാഗങ്ങളെ ഉന്നതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നു.
