October 14, 2026

പഠ്ന ലിഖ്ന അഭിയാന്‍; തൊടുപുഴ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിക്ക് തൊടുപുഴ ബ്ലോക്കില്‍ തുടക്കമായി. പുറപ്പുഴയില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍എ. പഠിതാവിനെ കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് ബ്ലോക്ക് തല ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സമ്പൂര്‍ണ്ണ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേരളത്തില്‍ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് നിരക്ഷരരായ രണ്ടു ലക്ഷം പേരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയില്‍ 20,000 പേരെ സാക്ഷരരാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ ബ്ലോക്കിലെ സര്‍വ്വേകള്‍ പൂര്‍ത്തീകരിച്ചിരുന്നു. റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരികയാണ്.

ഉദ്ഘാടന ചടങ്ങില്‍ പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്നാല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്.എം.വി., പഞ്ചായത്തംഗങ്ങളായ സിനി ജസ്റ്റിന്‍, എ.കെ. ഭാസ്‌കരന്‍, ബ്ലോക്ക് പ്രേരക് ഡയസ് ജോസഫ്, പ്രേരക്മാരായ സുലേഖ, ശശികല, ആര്‍.പിമാരായ ഓമന രാജന്‍, ബിജി ഷാജി എന്നിവര്‍ സംസാരിച്ചു.

Copyright © All rights reserved. | Newsphere by AF themes.