March 2, 2026

Idukkionline

idukkivarthaonline

കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി.

റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസിനെയാണ് ഇടുക്കി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജുവിനെ പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് വസ്തു കൈമാറ്റത്തിനായി കട്ടപ്പന സ്വദേശി അപേക്ഷ നൽകിയത്. തുടർന്ന് സ്ഥലം ഷിജു നേരിട്ടെത്തി സന്ദർശിക്കുകയും ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം, തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും ഇയാൾ സ്ഥലമുടമയോട് പറഞ്ഞു.
ഇത്രയും പണം തങ്ങളുടെ കയ്യിൽ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ലെന്ന് സ്ഥലമുടമ പറയുന്നു. ഒടുവിൽ പതിമൂവായിരം നൽകാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ലെന്ന് പറഞ്ഞതോടെ അപേക്ഷകന്‍ ഇന്ന് പണം ഓഫീസിലെത്തിച്ച് നൽകുകയായിരുന്നു. പണം കൈമാറുന്നതിനിടെ ഓഫീസിലെത്തിയ ഇടുക്കി, കോട്ടയം വിജിലൻസ് സംഘങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു.
രണ്ടാഴ്ച്ച മുമ്പാണ് ഷിജു അസീസ്സ് കട്ടപ്പന റവന്യൂ ഇൻസ്‌പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം നിരവധി ആളുകളിൽ നിന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതായി ആരോപണമുണ്ട്

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!